National
ലക്നോ: ഉത്തർപ്രദേശിലെ ഏറ്റവും ദൈർഘ്യമേറിയ എക്സ്പ്രസ് വേയും രാജ്യത്തെതന്നെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നാടിന് സമർപ്പിച്ചു.
ഹർദോയ് ജില്ലയിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുത്തു. ആയിരത്തിലധികം വർഷങ്ങളായി ഗംഗ ഉത്തർപ്രദേശിന്റെ ജീവരേഖയായതുപോലെ സംസ്ഥാനത്തിന്റെ വികസനത്തിന് ഈ എക്സ്പ്രസ് വേ പുതിയ ജീവരേഖയാകുമെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ഹർദോയിൽനിന്നുള്ള എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തോടെ സംസ്ഥാനത്തിന്റെ വികസനയാത്രയ്ക്ക് പുതിയ ഗതിവേഗം വരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. എക്സ്പ്രസ് വേ സംസ്ഥാനത്തെ ഗ്രാമങ്ങളെയും കർഷകരെയും സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കുന്ന ഒരു ജീവൻരേഖയാണെന്നും യോഗി പ്രതികരിച്ചു. മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ യാഥാർഥ്യമായതോടെ 600 കിലോമീറ്റർ പിന്നിടാനുള്ള യാത്രാസമയം ആറു മണിക്കൂറായി കുറയും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ ആറുവരിപ്പാതയായാണു വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ എട്ടുവരിയാകുന്ന രീതിയിലാണു ഡിസൈൻ. പരാമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണ്. റിക്കാർഡ് വേഗത്തിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കിയത്.
12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്സ്പ്രസ് വേ. മീററ്റ്, ഹപുർ, ബുലന്ദ്ഷഹർ, അംറോഹ, സംഭാൽ, ബദായൂൻ, ഷാജഹാൻപുർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. 36,230 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്.
പാത യാഥാർഥ്യമായതോടെ വ്യവസായമേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. റോഡിനോടുചേർന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആൻഡ് ലോജിസ്റ്റിക്സ് ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനായി ഏകദേശം 6507 ഏക്കർ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിർദേശങ്ങൾ ഇതിനകം ലഭിച്ചെന്ന് അധികൃതർ അറിയിച്ചു.
വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിൽ ഷാജഹാൻപുരിനു സമീപം 3.2 കിലോമീറ്റർ ദൈർഘ്യത്തിൽ റൺവേയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, സിസിടിവി കാമറകൾ, എമർജൻസി കോൾ ബോക്സുകൾ, പട്രോളിംഗ് യൂണിറ്റുകൾ എന്നിവ സുരക്ഷയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. എക്സ്പ്രസ് വേയുടെ നാലിൽ മൂന്നു ഭാഗങ്ങളും അദാനി ഗ്രൂപ്പാണ് നിർമിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യം, പരിസ്ഥിതി, സുസ്ഥിരത എന്നീ മേഖലകളില് സൂക്ഷ്മാണുക്കളുടെ പങ്ക് ശാസ്ത്രീയമായി പഠിക്കുന്നതിനും സമൂഹത്തിന്റെ ഗുണത്തിനായി ഉപയോഗിക്കുന്നതിനുമായി സംസ്ഥാന സര്ക്കാര് ആരംഭിച്ച സെന്റര് ഓഫ് എക്സലന്സ് ഇന് മൈക്രോബയോം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്പ്പിക്കും.
നാളെ കഴക്കൂട്ടം കിന്ഫ്ര പാര്ക്കിലെ സെന്റര് ഓഫ് എക്സലന്സില് സംഘടിപ്പിക്കുന്ന ചടങ്ങില് സെന്ററിന്റെ സമര്പ്പണവും സംസ്ഥാന സൂക്ഷ്മാണുവിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്വഹിക്കും.
ഇതോടെ സ്വന്തം സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.
മനുഷ്യാരോഗ്യം, പോഷണം, രോഗപ്രതിരോധം എന്നിവയ്ക്കൊപ്പം കൃഷി, മത്സ്യസമ്പത്ത്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാമുള്ള മൈക്രോബയോം അധിഷ്ഠിത ട്രാന്സ്ലേഷണല് ഗവേഷണങ്ങള് ഒറ്റക്കുടക്കീഴില് എത്തിക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനം എന്ന പ്രത്യേകതയും സെന്റര് ഓഫ് എക്സലന്സ് ഇന് മൈക്രോബയോമിനുണ്ട്.